Thursday, June 6, 2013

സിനിമയുടെ ഹിറ്റ്‌ലർ - ജോണ്‍ എബ്രഹാം


ജോണ്‍ എബ്രഹാം എന്ന പേര് കേട്ടാൽ മസ്സിലും പെരുക്കി നിൽക്കുന്ന ഹിന്ദി സിനിമ നടനെയാണ് പലരും ഓർമ്മിക്കുക . ക്ഷമിക്കണം , ഞാൻ ഉദ്ദേശിച്ച ജോണ്‍ മലയാളിയായ കുട്ടനാട്ടുകാരൻ , സിനിമ സംവിധായകൻ . സിനിമയിലെ ഹിറ്റ്ലർ എന്ന് സ്വയം വിശേഷണം നൽകിയ ജോണിനെ കുറിച്ചൊന്നും അറിയില്ലായിരുന്നു . യാദ്രിശ്ചികമായി കൈവന്ന ഒരു പുസ്തകം ജോണിന്റെ ആശയ തീരത്തിലേക്കും സ്വപ്നലോകത്തെക്കുമുള്ള വാതിൽ എന്റെ മുന്നിൽ തുറക്കപ്പെട്ടു . ജോണിനെ അധികമാർക്കും ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണം ആ പുസ്തക താളുകള മുഴുമിക്കും മുൻപേ എനിക്കു മനസ്സിലായി . സിനിമയോടുള്ള സ്നേഹവും ആത്മാർഥതയും മാത്രമുള്ളിൽ കൊണ്ടു നടന്ന ഒരതുല്യ പ്രതിഭാസം . ഇന്നത്തെ പ്രശസ്തരും അപ്രശസ്തരുമായ സംവിധായകരെ പോലെ അല്ല ജോണ്‍ . തന്റെ സിനിമ എവിടെ തുടങ്ങണം എങ്ങനെ മുന്നോട്ടു പോകണം എവിടെ അവസാനിക്കണം എന്ന് മാത്രമല്ല ജോണ്‍ ചിന്തിച്ചത് . ഓരോ സീനിലും എന്തെല്ലാം ഉൾപ്പെടുത്തണം , ക്യാമറ ലെൻസിന്റെ ഉപയോഗം , എഡിറ്റിംഗ് മുതലായ സാങ്കേതിക വശങ്ങളും മനസ്സിലാക്കി. സിനിമയുണ്ടാക്കി സമ്പാദിച്ച് പണക്കാരനാവാൻ ആഗ്രഹിച്ചില്ല . താനുണ്ടാക്കുന്ന സിനിമ പ്രേക്ഷകരിലെത്തണം എന്ന മോഹം ജോണിനുണ്ടായിരുന്നു .
ഇന്ന് നമുക്ക് ചുറ്റിലും കാണുന്ന ഒരു ഇന്റെല്ലെക്ക് ച്ചുവൽ വ്യക്തിത്വമല്ല ജോണ്‍ . സാധാരക്കാർക്കിടയിലൂടെ നടന്ന ഒരു പ്രതിഭാസമെന്നു വിശേഷിപ്പിക്കാം . അഗ്രഹാരത്തിലെ കഴുത അങ്ങനൊരു പേര് സിനിമയ്ക്ക് നൽക്കാൻ മറ്റാർക്കും പറ്റില്ല .അതാണ് ജോണ്‍ .കഴുത എടുക്കാൻ വേണ്ടി ഒരവസരത്തിൽ യഥാർത്ഥ കഴുതയുടെ തലയോട്ടി അന്വേഷിച്ചു നടന്നു . ഒടുവിൽ മരിച്ചിട്ട് രണ്ടാഴ്ചയായ കഴുതയുടെ തലയോട്ടി ആ ദുർഗന്ധത്തോടെ കുഴിച്ചെടുക്കാൻ സംവിധായക വേഷമണിഞ്ഞ ആരുടെ കൈയും ഒന്നറയ്ക്കും . പക്ഷെ അവിടെയും ജോണ്‍ വേറിട്ട്‌ നിന്നു .അമ്മ എന്നാ യാഥാർത്ഥ്യത്തോട് വല്ലാത്ത അടുപ്പമായിരുന്നു ജോണിന് . താനെടുത്ത എല്ലാ സിനിമകളിലും അമ്മയെ പരാമർശിക്കാൻ ജോണ്‍ മറന്നില്ല..
ഏതൊരു സിനിമയുടെയും വിജയത്തിനു പിന്നിൽ സംവിധായകനാണെന്ന് ഉറച്ചു വിശ്വസിച്ചു . സിനിമയുടെ ഏതെങ്കിലും ഒരംശം പോരാ എന്ന് തോന്നിയാൽ അത് സംവിധായകന്റെ പരാജയമാണ് . സംഗീതം ആവശ്യമെങ്കിൽ മാത്രം സംവിധായകനത് ഉൾപ്പെടുത്താം . ഏതെങ്കിലും സിനിമയിൽ തിരക്കഥ കൊള്ളാം പക്ഷെ സിനിമ പോരാ എന്ന് അഭിപ്രായം ഉയർന്നാൽ അവിടെയും പരാജയപ്പെടുന്നത് സംവിധായകനാണ് . സംവിധായകൻ പരാജയപ്പെടുന്നിടങ്ങലിലാണ് തിരക്കഥകൃത്തും മറ്റും വിജയിക്കുന്നത് .
സിനിമ എന്നും സംവിധായകന് മാത്രം സ്വന്തം.മറ്റുള്ളവർ ഒന്നും ചെയ്യുന്നില്ല എന്ന് അതിനർഥമില്ല . പക്ഷെ മറ്റുള്ളവർ എന്ത് ചെയ്യണമെന്നു തീരുമാനിക്കുന്നത് സംവിധായകനാണ് . മറ്റുള്ളവരെ എങ്ങോട്ട് എങ്ങനെ നയിക്കണമെന്ന വ്യക്തമായ ധാരണ ഉണ്ടായിരുന്നു ജോണ്‍ എന്ന സംവിധായകന് .

ചെറുപ്പത്തിൽ അപ്പൂപ്പന്റെ ഫോട്ടോഗ്രഫി പ്രണയത്തിൽ നിന്നും തുടങ്ങിയ കലാജീവിതം ജയ പരാജയങ്ങളുടെ സമ്മിശ്രമായിരുന്നു . സിനിമയിൽ നിന്നും മനസ്സകന്നു പോകാതിരിക്കാൻ വിവാഹം വേണ്ടാന്ന് തീരുമാനിച്ചു . അവാർഡുകളൊന്നും ലഭിക്കാത്തതിന്റെ കാരണം തിരക്കിയപ്പോൾ പറഞ്ഞ മറുപടി രസകരമാണ്  " ഞാൻ വിധി കർത്താവല്ലായിരുന്നു . ആയിരുന്നെങ്കിൽ എല്ലാം ഞാൻ തന്നെ അടിച്ചെടുത്തേനെ "
മലയാളി ആയിട്ടും ആദ്യ സിനിമ തമിഴിനു സ്വന്തം . ശാസ്ത്രത്തിന്റെ വളർച്ചയും ഉപയോഗവും എതിർത്തില്ല പക്ഷെ അതിലും നിർബന്ധം ഒന്നിൽ മാത്രം സംവിധായകന്റെ തീരുമാനത്തിനനുസരിച്ചു മാത്രം ശാസ്ത്രം പ്രവർത്തിക്കണം . നല്ല സിനിമകൾ ജനങ്ങളിൽ എത്തിക്കാത്തത് കൊണ്ടാണ് അവർ ചീഞ്ഞളിഞ്ഞ സിനിമകൾക്ക്‌ പിന്നാലെ പോകുന്നത് എന്നാ സത്യം ജോണ്‍ മനസ്സിലാക്കിയിരുന്നു .
ഇത്രയൊക്കെ ഞാൻ പറഞ്ഞല്ലോ എന്നാൽ ജോണിന്റേതായ ഒരു സിനിമ പോലും ഞാൻ കണ്ടിട്ടില്ല . കേട്ടതും വായിച്ചതും മാത്രമാണിതെല്ലാം . ആരോ തീരുമാനിച്ചപ്പോൾ ഈ പുസ്തകമെന്റെ അടുത്തെത്തി അതുപോലൊരു തീരുമാനത്തിൽ ഒരിക്കൽ കഴുതയും , ചെറിയാച്ചനും ,അമ്മയും എന്നരികിലേക്കൊഴുകി എത്തും .

No comments:

Post a Comment