Thursday, May 9, 2019

ചുവപ്പിന്റെ ഓർമ്മയിൽ

ഇവാനിയോസിൽ കോളേജ്  യൂണിയൻ തിരഞ്ഞെടുപ്പ് ഒരാവേശമായിരുന്നു  ദിവസങ്ങളോളം നീണ്ടു നിന്ന പ്രചാരണം , വോട്ടു ചോദിച്ചു കൊണ്ട് ക്ലാസ്സുകളിൽ കയറി ഇറങ്ങുക. കുളിര് തോന്നിപ്പിക്കുന്ന പ്രസംഗങ്ങൾ . രോമാഞ്ച പുളകിതമാക്കിയ "മീറ്റ് ദി ക്യാൻഡിഡേറ്റ് " ചുവപ്പിൽ മുങ്ങി നിവർന്ന ഇവാനിയോസ് മണൽത്തരികൾ . എന്നും ആവേശമുണർത്തിയിരുന്നു.

ജനാധിപത്യാടിസ്ഥാനത്തിൽ ആദ്യമായി ചെയ്ത വോട്ട് കോളേജിലാണ്. സ്ഥാനാർഥിയായി നിൽക്കാമോ എന്ന് ചോദിച്ചപ്പോൾ രാഷ്ട്രീയമോ ഇലക്ഷനോ  എന്താണെന്ന് പോലും അറിയില്ലായിരുന്നു. പക്ഷെ ദിവസം ചെല്ലുംതോറും അറിഞ്ഞു തുടങ്ങി. ഒന്നും എളുപ്പമല്ല എന്ന് . നോമിനേഷൻ കൊടുത്ത ദിവസം മുതലങ്ങോട്ട് വിശ്രമം ഇല്ല. രാവിലെ കോളേജിൽ എത്തിയാൽ തുടങ്ങും ഇലക്ഷന് വർക്ക്. എതിർകക്ഷികൾ ,സ്വതന്ത്ര സ്ഥാനാർഥികൾ എല്ലാവരും തന്നെ സജീവ പ്രവർത്തനത്തിലാണ്. അനിതാ ശർമ്മയുടെ ഇംഗ്ലീഷ് സാഹിത്യ ക്ലാസ്സിൽ നിന്നും എന്നെ വിളിച്ചിറക്കി കൊണ്ടുപോയി. ഷേക്‌സ്‌പിയറും മിറാന്ഡയും ഫെർഡിനൻഡും ഏരിയലും എന്നോട് ക്ഷമിച്ചെങ്കിലും അനിത ടീച്ചർ ക്ഷമിക്കുമായിരുന്നില്ല.നശിക്കാൻ തന്നെ തീരുമാനിച്ചോ എന്നൊരു ചോദ്യത്തോടെ ടീച്ചർ എന്നെ രൂക്ഷമായി നോക്കി. പതറാതെ ക്ലാസ്സിൽ നിന്നും ഇറങ്ങി നേരെ ക്യാമ്പയിൻ ക്ലാസുകളിലേക്ക്. അവിടെ സഖാക്കന്മാരുടെ പ്രസംഗം കേട്ട് അന്ധാളിച്ചു നിന്നിട്ടുണ്ട് . ഏതെങ്കിലും കുട്ടി എന്നോട് എന്തെങ്കിലും  വിശദീകരണം  ചോദിച്ചിരുന്നെങ്കിൽ  ഞാൻ ബ ബ ബബ അടിച്ചേനെ.

അറിഞ്ഞോ അറിയാതെയോ ജീവിത രീതികളിൽ മാറ്റം വന്നു. ആധുനിക വേഷവിധാനത്തിൽ നിന്നും സാധാരണക്കാരുടെ വേഷമായ സാരിയും ചുരിധാറിലേക്കും മാറി.  പെരുമാറ്റ ചട്ടം - എല്ലാവരോടും നന്നായി സംസാരിക്കണം പെരുമാറണം. ദേഷ്യം കുറഞ്ഞു. ചരിത്ര മുഹൂർത്തങ്ങളെ കുറിച്ചുള്ള അറിവുകൾ. സൂര്യാസ്തമനത്തിനു മുൻപ്  പെൺകുട്ടികൾ വീട്ടിൽ പോയാലും സഖാക്കന്മാർ ക്യാമ്പസ്സിൽ ഉറങ്ങാതെ പ്രവർത്തിച്ചു. ചുവപ്പിനോടുള്ള ആവേശം നെഞ്ചോട് ചേർത്ത് പിടിച്ചു എന്നും.

വോട്ടിംഗ് കഴിഞ്ഞു. വിദ്യാർത്ഥികൾ പോയ ശേഷം വോട്ട് എണ്ണാൻ തുടങ്ങി. ഏറ്റവും മുകളിലത്തെ നിലയിൽ . പെട്ടി തുറന്നു.  വോട്ടുകൾ ഓരോന്നായി ഓരോരുത്തരിലേക്കും tally രൂപത്തിൽ വീണു. ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ ഇമ്മിണി ബല്യ ഒന്നുകൾ കൊണ്ട് sfi സ്ഥാനാർത്ഥികൾ മുന്നേറി.
അടങ്ങാത്ത ആവേശത്തോടെയും , ആകാംക്ഷയോടെയും  അണികൾ താഴെ കാത്തിരുന്നു. നോമിനേഷൻ തള്ളിപ്പോയ ഒരാൾ ഒഴികെ ബാക്കി എല്ലാ സ്ഥാനങ്ങളിലും ചുവപ്പിനു തന്നെ വിജയം.  കഷ്ട്ടപ്പെട്ടതൊന്നും വെറുതെ ആയില്ല.



എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഞാൻ പഠിപ്പിക്കുന്ന കോളേജിൽ നടന്ന ഇലക്ഷൻ കണ്ടിട്ട് നടന്നത് തിരഞ്ഞെടുപ്പ് തന്നെയാണോ എന്ന് സംശയം. campaign ഇല്ല. മീറ്റ് ദി ക്യാൻഡിഡേറ്റ് ഇല്ല. നല്ല നേതാവില്ലാത്തതിന്റെ അധഃപതനം. വിവരമില്ലായ്‌മയുടെ ഒരു കൂട്ടം. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഓർമയിൽ സൂക്ഷിക്കാൻ തക്കതായ ഒന്നും ഞാൻ കണ്ടില്ല. എതിർ സ്ഥാനാർത്ഥികൾ ഇല്ലാതെ യൂണിയൻ അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. ചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ട് രണ്ട് മണിക്കൂറിൽ എല്ലാം അവസാനിച്ചു. എല്ലാം യന്ത്ര വല്കൃതമായി തോന്നി. ഇനി ഇതാണോ ന്യൂ ജൻ തിരഞ്ഞെടുപ്പ്????? ആണെങ്കിൽ എനിക്കത്ര ഇഷ്ടപ്പെട്ടില്ല .. ആവേശമില്ല , അലകൾ ഉയർത്തും പ്രസംഗമില്ല .ജനാധിപത്യമില്ല. ആകെ ഉള്ളതോ  പരിസര മലിനീകരണത്തിന് കാരണമാകുന്ന പ്ലാസ്റ്റിക് ballot പാത്രങ്ങൾ.  


No comments:

Post a Comment