Monday, May 30, 2016

Rise of kali by Anand Neelakantan




റോള്‍ ഓഫ് dice എന്നതിന്റെ രണ്ടാം ഭാഗം. പക്ഷെ കുറച്ചു നീണ്ടു പോയി എന്ന്‍ തോന്നുന്നു.
ധര്‍മ്മവും അധര്‍മ്മവും തമ്മില്‍ തിരിച്ചറിയാന്‍ എളുപ്പമല്ല.ധര്‍മ്മത്തിന്റെ പേരില്‍ ഉണ്ടായതാണ് മഹാഭാരത യുദ്ധം പക്ഷെ അതില്‍ പാണ്ഡവര്‍ നേടിയ വിജയം യുദ്ധ ധര്‍മ്മത്തിന് അനുസരിച്ചായിരുന്നില്ല.യുദ്ധം തുടങ്ങുന്നതിനു മുന്‍പ് ഭീഷ്മര്‍ പറഞ്ഞു കൊടുത്ത എല്ലാ നിയമങ്ങളും ലഘിച്ചു കൊണ്ടാണ് പാണ്ഡവര്‍ കൌരവരെ വക വരുത്തിയത്. എല്ലാത്തിനും ചുക്കാന്‍ പിടിച്ച കൃഷ്ണന് പറയാന്‍ ഒരേ ഒരു വാക്ക് മാത്രമാണ് ഉണ്ടായിരുന്നത്.ധര്‍മ്മം പുനസ്ഥാപിക്കുന്നതിനായി ഈ യുദ്ധം അനിവാര്യമാണെന്നും അതിനു മാര്‍ഗം പ്രശ്നമല്ല ലക്ഷ്യമാണ്‌ പ്രധാനം എന്ന്‍. സമൂഹത്തില്‍ നില നില്‍കുന്ന ജാതി വ്യവസ്ഥകള്‍ മാറ്റാന്‍ വേണ്ടി ശ്രമിച്ച വ്യകതിയാണ് ദുര്യോധനന്‍ പക്ഷെ അത് ധര്‍മ്മത്തിന് എതിരാണ് എന്ന്‍ പറഞ്ഞു നടത്തിയ യുദ്ധത്തില്‍ നീതിയും ന്യായവും ഇല്ലാതെ പോയി.
ശരിയും തെറ്റും വേര്‍തിരിക്കാന്‍ കഴിയാത്ത ധര്‍മ്മം സമൂഹത്തിനു ആവശ്യമുണ്ടോ?ഇന്ന്‍ നമ്മുടെ രാജ്യത്തില്‍ ദുര്യോധനന്‍ ആഗ്രഹിച്ച തുല്യത ഇല്ല പക്ഷെ അതുണ്ടെന്ന് കാണിക്കാന്‍ വേണ്ടിയാണു സംവരണം നിലനില്‍ക്കുന്നത്.അതില്‍ തുല്യത അല്ല ഉള്ളത് മറിച്ച് അവിടെയും ജാതിയുടെ അടിസ്ഥാനത്തില്‍ കൊടുക്കുന്ന ഒരവകാഷമായി സംവരണം മാറി.കൃഷ്ണന്റെ ധര്‍മ്മം പറയുന്നത് ജാതി വേണമെന്നും എന്നാല്‍ മാത്രമേ ഓരോ വിഭാഗത്തില്‍ പെട്ട ആളുകള്‍ അതത് വിഭാഗങ്ങള്‍ക്ക് പറഞ്ഞിരിക്കുന്ന ജോലികള്‍ ചെയൂ. ബ്രാഹ്മണന്‍ ക്ഷത്രിയന്‍ ആവാന്‍ ആഗ്രഹിച്ചാലോ , സുതന്‍ ക്ഷത്രിയന്‍ ആവാന്‍ ആഗ്രഹിച്ചാലോ ഒക്കെ സമൂഹ വ്യവസ്ഥയ്ക്ക് മാറ്റം വരും.ഒരു ബാലന്‍സ് നിലനിര്‍ത്താന്‍ പല ജാതിയും വേണമെന്നാണ് കൃഷ്ണന്‍ പറയുന്നത്. നിശ്ചിത ജാതിയില്‍ പെട്ട ആളുകള്‍ക്ക് പറഞ്ഞിട്ടുള്ള ജോലി മാത്രമേ ചെയ്യാന്‍ പാടുള്ളൂ.ഇതിനോട് എതിരഭിപ്രായം പറയുന്നവര്‍ എല്ലാം അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരാണ് എന്നാണ് കൃഷ്ണനനും പാണ്ഡവരും പറയുന്നത്.
ശിഖണ്ടിയെ മുന്നില്‍ നിര്‍ത്തി ഭീഷ്മരെ വധിച്ചു, തേരില്‍ നിന്നും ഇറങ്ങി നിരായുധനായി നിന്ന കര്‍ണ്ണനെ വധിച്ചു, അരയ്ക്ക് താഴെ അടിച്ചു കൊണ്ട് ദുര്യോധനനെ വധിച്ചു ഇതിലൊക്കെ എന്ത് ധര്‍മ്മം എന്ന്‍ ചോദിച്ചാല്‍ ഒന്നും പറയാനാവില്ല.ദ്രൌപധിയെ സഭയിലേക്ക് വലിച്ചിഴച് കൊണ്ട് വന്നു എന്ന കാരണത്താല്‍ സുശാസനനെന്റെ നെഞ്ചു പിള്ളര്‍ന്ന ഭീമന്‍ എന്ത് ധര്‍മ്മമാണ് ചെയ്തത് ? സ്വന്തം ഭാര്യയെ അധിക്ഷേപിച്ചു എന്നതാണ് കാരണമെങ്കില്‍ ചൂത് കളിയില്‍ ഭാര്യയെ പണയം വച്ച യുധിഷ്ടിരനോടല്ലേ ഭീമന്‍ പക തീര്‍ക്കേണ്ടത് ?സ്വന്തം സഹോദരന്‍ തുടക്കമിട്ട തെറ്റിന് അനുഭവിച്ചത് സുയോധനനും കുടുംബവും.ദ്രൌപദി ആണ് ഭീമനെ കൊണ്ട് സുശാസനനെ ദാരുണമായി കൊല ചെയ്യിച്ചത്. ഒടുവില്‍ ദ്രൌപദിക്ക് കിട്ടിയതോ എല്ലാ മക്കളെയും അശ്വതമാവ് കൊല ചെയ്തു.കുന്തിക്ക് സ്വന്തം മകനെ രാജാവായി വാഴിക്കണം എന്നായിരുന്നു പക്ഷെ മൂത്ത മകനായ കര്‍ണ്ണന്റെ വേര്‍പാട് അവരെയും തളര്‍ത്തി.
സമാധാനത്തിന്റെ വഴി നോക്കേണ്ടതിനു പകരം യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ചവര്‍ക്കൊക്കെ നഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായത്. മഹാ ഭാരത യുദ്ധത്തില്‍ കുടുംബങ്ങള്‍ തമ്മില്‍ ആയിരുന്നു പോരാട്ടം ഇന്നും പല തരത്തിലും അത്തരം പോരുകള്‍ നില നില്‍ക്കുന്നു. മകന്‍ അച്ഛനെ കൊല്ലുന്നു , സഹോദരങ്ങള്‍ തമ്മില്‍ കൊല്ലുന്നു , ഇതെല്ലാം എന്ത് കൊണ്ടെന്ന്‍ ചോദിച്ചാല്‍ അതാണ് ധര്‍മ്മം എന്ന്‍ പറയാം.ഈ ജന്മത്തില്‍ ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം വരും ജന്മങ്ങളില്‍ അനുഭവിക്കേണ്ടി വരും.
നമ്മള്‍ ഇന്ന്‍ ജീവിക്കുന്നത് കലി യുഗത്തില്‍ ആണെന്ന്‍ പറയുന്നു എങ്കില്‍ ധര്‍മ്മം പുനസ്ഥാപിക്കുന്നതിനായി കല്‍ക്കി ആയി ദൈവം അവതരിക്കും എന്ന്‍ നമ്മളില്‍ ചിലരെങ്കിലും വിശ്വസിക്കുന്നു.അന്നും ഇന്നും ഒരേ കാര്യങ്ങള്‍ക്ക് തന്നെ അല്ലേ തര്‍ക്കങ്ങള്‍ ഉണ്ടായതും ഉണ്ടാവുന്നതും പിന്നെങ്ങനെ ഇത് കലിയുഗമാകും?

No comments:

Post a Comment