Thursday, April 18, 2019

Vanara - Anand Neelankantan

രാവണനെ കുറിച്ചുള്ള അഭിപ്രായം മാറിയത് ആനന്ദ് നീലകണ്ഠന്റെ അസുര വായിച്ചതിനു ശേഷമാണ് . ആ വികാരമാണ് വാനര വാങ്ങാൻ എന്നെ പ്രേരിപ്പിച്ചത്. . ഈ പുസ്തകം തിരഞ്ഞിറങ്ങിയതല്ല തിരുവനന്തപുരം mall of travancore സന്ദർശിച്ചപ്പോൾ ഡിസി ബുക്സിൽ കയറുകയും  യാദൃശ്ചികമായി   ഈ പുസ്തകം കൈയിൽ വന്ന് ചേരുകയുമാണുണ്ടായത്.  contemporary എന്ന പേരിൽ പുസ്തകങ്ങൾ ഇറങ്ങുന്നുണ്ടെങ്കിലും വായനയുടെ സുഖം തരാൻ എല്ലാ എഴുത്തുകാർക്കും കഴിയാറില്ല.ശിവ trilogy നിലവാരം പുലർത്തി യ ഒന്നായിരുന്നു. 

പണ്ട് ദൂരദർശനിൽ ജയ് ഹനുമാൻ കണ്ടിരുന്ന സമയത്താണ് സുഗ്രീവനെയും ബാലിയെയും കുറിച്ചു കേൾക്കുന്നത്. അന്നൊന്നും ഏതെങ്കിലും തരത്തിൽ കൂടുതൽ കഥകൾ അവരെ കുറിച്ചറിയാൻ ശ്രമിച്ചിട്ടില്ല. പറഞ്ഞു തരാനും ആരുമില്ലായിരുന്നു.എന്നാലും കഥയിൽ  ബാലി വില്ലനാണ് . ഒരുപക്ഷെ ഏത് പുസ്തകം വായിച്ചിരുന്നെങ്കിലും ബാലി വില്ലൻ തന്നെയാവാനാണ് സാധ്യത. അവതാര പുരുഷനായ രാമന്റെ ധർമ്മം പോലും സംശയത്തോടെ നോക്കി പോയി.  കഥ വായിച്ചു കഴിഞ്ഞപ്പോൾ ചെറുപ്പത്തിൽ  മനസ്സിൽ വരച്ച ചിത്രങ്ങളൊക്കെ മാഞ്ഞു തുടങ്ങി. ബാലി - സുഗ്രീവൻ അവരുടെ ജീവിതമാണ് ഈ പുസ്തകത്തിൽ ഉടനീളം.

ബാലിക്ക് ഏറ്റവും സ്നേഹം തന്റെ സഹോദരനായ സുഗ്രീവനോടാണ്. എന്നാൽ ചെറുപ്പം മുതൽക്കേ സുഗ്രീവൻ ബാലിയോടുള്ള സ്നേഹത്തിൽ കള്ളത്തരം കാണിച്ചിരുന്നു. ഒരിക്കലും ബാലിക്ക് സുഗ്രീവനെ സംശയം തോന്നിയിട്ടില്ല. ഒരപകടം പറ്റി ചികിത്സയിൽ കഴിയുന്ന സമയം സുശ്രുഷിക്കുന്ന താരയോട് ബാലിക്ക് തോന്നുന്ന  പ്രണയം , അവിടെയും സുഗ്രീവൻ  ബാലിയെ വഞ്ചിച്ചു. തന്റെ ആഗ്രഹം ബാലിയോട് തുറന്ന് പറയുന്നതിന് പകരം അവരുടെ വിവാഹം നടത്താൻ മുന്നിൽ നിന്നു. വിവാഹ ശേഷം ബാലിയെ താരയിൽ നിന്നും അകറ്റി നിർത്താൻ എന്തെല്ലാം ശ്രമങ്ങൾ. എല്ലാത്തിലും സുഗ്രീവനെ അമിതമായി വിശ്വസിച്ച ബാലി വിഢിയാവുക തന്നെ ചെയ്തു ജീവിതത്തിലുടന്നീളം.. സുഗ്രീവനോടുള്ള സ്നേഹം മിക്കപ്പോഴും ബാലിയെ താരയിൽ നിന്നുമകറ്റി. എന്നാൽ താരയോടുള്ള അമിതമായ സ്നേഹം സുഗ്രീവനെ കൊണ്ട് തെറ്റുകൾ ചെയ്യിച്ചു. മുഖമൂടി ധരിച്ചവരെ തിരിച്ചറിയാൻ ഇന്നും നമുക്ക് കഴിവില്ല . വിവാഹ ശേഷം ഭാര്യയെ സ്നേഹിക്കാൻ സുഗ്രീവന് കഴിഞ്ഞിരുന്നില്ല .അതുമൊരു അഭിനയമായിരുന്നോ? സുഗ്രീവനോട് മനസ്സ് തുറന്ന സ്വയംപ്രഭയ്ക്കും പ്രണയ സാഫല്യമുണ്ടായില്ല. താരയോടുള്ള സ്നേഹമാണ് എല്ലാത്തിനെക്കാളും വലുതായി സുഗ്രീവൻ കണ്ടത്. ബാലിയുടെ മരണത്തിൽ അവസാനിച്ച കഥയിൽ വിജയം എന്നൊന്നില്ല.

എല്ലാ വാന നരന്മാരും യുദ്ധത്തിന് പോയ അവസരത്തിൽ സ്ത്രീ ശാക്തീകരണത്തിനെ പ്രതിപാദിക്കുന്ന  പ്രവർത്തികളാണ് താര കാഴ്ചവയ്ക്കുന്നത്. ചെമ്പൻ എന്ന ചെന്നായ നന്ദിയുള്ള മൃഗത്തിന്റെ സ്മരണയാണ്. ഏത് സാഹചര്യത്തിലും ബാലിയെ ഉപേക്ഷിച്ചു പോകാൻ ചെമ്പന് കഴിഞ്ഞിരുന്നില്ല. ബാലിയുടെ മരണത്തിനു ശേഷവും ആ നരന്റെ വരവിനായി ചെമ്പൻ കാത്തിരുന്നു.
സുഗ്രീവന്റെ വാക്ക് വിശ്വസിച്ച രാമനും ലക്ഷ്മണനും സത്യം എന്തെന്ന് അന്വേഷിക്കാതെ ഒളിഞ്ഞിരുന്ന് ബാലിക്ക് നേരെ അമ്പെയ്തതും തെറ്റ്.

ബാലിയിൽ നിന്നും പഠിക്കേണ്ട ചില പാഠങ്ങളുണ്ട് - നേർക്കുനേർ നിന്ന് പൊരുതണം. യുദ്ധത്തിന്റെ പേരിൽ അനാവശ്യമായ രക്തച്ചൊരിച്ചിലുകൾ ഒഴിവാക്കണം. സമത്വം ഉണ്ടാവണം . പ്രകൃതിയോടിണങ്ങി ജീവിക്കണം.

കാലം മാറുന്നതിനു അനുസൃതമായി മാറാൻ കഴിയാത്തവർ ജീവിക്കാൻ അർഹരല്ല.അവരെ അടിച്ചമർത്താൻ കഴിവുള്ളവർ ഉടലെടുക്കും.ശക്തി കൊണ്ട് തന്നെ ആവണമെന്നില്ല ആ കീഴ്‌പ്പെടുത്തൽ  ബുദ്ധി കൊണ്ടോ ആയുധം കൊണ്ടോ കുബുദ്ധി കൊണ്ടോ ഒക്കെയാവാം.

ചെറുതിലെ മുതൽക്കെ ചില ശരികൾ നമ്മിൽ അടിച്ചേൽപ്പിക്കും , അതൊക്കെ ശരിയാണോ എന്ന് ചോദിച്ചാൽ ഇപ്പോൾ പറയും relative ആണെന്ന്. അനിവാര്യമായ മാറ്റത്തിലും മാറാത്ത ചിലരുണ്ട് , അവരെ പലരെയും നമ്മൾ അറിയാറില്ല. എന്നാൽ നമുക്ക് ചുറ്റിലുമുള്ള ആരൊക്കെയോ അങ്ങനെ അല്ലേ ?



No comments:

Post a Comment