Thursday, May 21, 2020

ഹർഷയുടെ സ്കൂൾ

 ഹർഷാ .. ഹർഷാ ... 
"ഗുഡ് മോർണിംഗ് 'അമ്മ "
ആ ഗുഡ് മോർണിംഗ് കിട്ടിയാൽ പിന്നെ മോർണിംഗ് മാത്രമല്ല ആ ദിവസം മുഴുവൻ ഗുഡ് ആയില്ലെങ്കിലെ അതിശയമുള്ളൂ. ഇതെന്റെ മാത്രം അഭിപ്രായം അല്ല ഹരിയേട്ടനും അത് തന്നെയാണ് പറയാറുള്ളത്.
"ഗുഡ് മോർണിംഗ് ബേബി  " 
കിടക്കയിലാണെങ്കിലും അടുക്കളയിലാണെങ്കിലും മറ്റെന്ത് ജോലിയിലാണെങ്കിലും പതിവ് തെറ്റിക്കാത്ത ഒന്നുണ്ട്, കെട്ടിപ്പിടിച്ചൊരുമ്മ. നിഷ്കളങ്കമായ അവളുടെ സ്നേഹത്തിന്റെ ആവിഷ്കാരം. എന്റെ ലോകത്തിലേക്ക് അവൾ വന്നതുമുതൽ പുലരികളെ സുന്ദരമാക്കുന്നതും മറ്റൊന്നുമല്ല.  പലപ്പോഴും തോന്നിയിട്ടുണ്ട്  അവളുടെ സന്തോഷവും സങ്കടവും  സ്നേഹ പ്രകടനവും ചില ശീലങ്ങളുമെല്ലാം അച്ഛനെപ്പോലെ തന്നെയാണെന്ന്. ഹരിയേട്ടന്റെയും ഹർഷയുടെയും സ്നേഹത്തിൽ  വിടരുന്ന മഴവില്ലിൻ വർണ്ണങ്ങളേറെയാണ്‌.

 രാവിലത്തെ തിരക്കുകൾ പതിവ് പോലെ ഉണ്ടെങ്കിലും അന്നത്തെ തിരക്ക് ഹർഷക്ക് വേണ്ടിയാണ്. ഇന്നാണ് അവളുടെ അഡ്മിഷൻ. രാവിലെ 10 .30 ക്കാണ് അപ്പോയ്ൻമെൻറ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടിലെ സംസാരത്തിൽ ഏറ്റവും കൂടുതൽ വരുന്നത് അവളുടെ സ്കൂളിനെ കുറിച്ചാണ്. കഴിഞ്ഞ ദിവസം അപ്പൂപ്പനെയും അമ്മൂമ്മയേയും കാണാൻ പോയപ്പോൾ ഞാൻ ശ്രദ്ധിച്ചു ഹർഷക്ക് സ്കൂളിൽ പോകാനുള്ള താല്പര്യം. അവൾ ആഗ്രഹിച്ചത് കഥകൾ വായിക്കണം, ബുക്ക് ഷെൽഫിൽ ഒളിച്ചിരിക്കുന്ന പുസ്തകങ്ങളെ തിരഞ്ഞു പിടിക്കണം, അല്ലെങ്കിൽ പുസ്തകങ്ങളിൽ ഒളിച്ചിരിക്കണം, അവളുടെതായ ലോകമുണ്ടാക്കണം. സ്വപ്‌നങ്ങൾ കോർത്തൊരു ജീവിതം.  അത് കൊണ്ടാവും ആരും വിളിക്കാതെ തന്നെ ഇന്ന് ഉറക്കമുണർന്നത്. 

അവളെ  പല്ലു തേയ്ക്കാൻ നിർത്തിയിട്ട് ഞാൻ ചായ എടുക്കാൻ പോയി. ഹരിയേട്ടൻ കളിച്ചിട്ടു വരാൻ സമയമാകുന്നു. സമയത്തിന് കാര്യങ്ങൾ ചെയ്‌തില്ലെങ്കിൽ രാവിലെ മുഖം മാറും. മനസ്സിൽ വിചാരിച്ചപ്പോഴേക്കും ആളെത്തി.
"അച്ഛന്റെ സുന്ദരിക്കുട്ടി എവിടെ ?"
കേൾക്കാത്ത താമസം കൈയ്യിലിരുന്ന ബ്രഷ് ബേസിനിൽ ഇട്ടിട്ടവളോടിപ്പോയി. 
എന്റെ മോള് പല്ലു തേച്ചോന്നുള്ള ചോദ്യത്തിനെ കള്ളച്ചിരിയിൽ ഒതുക്കാൻ ശ്രമിച്ചത് മനസ്സിലായിട്ടെന്ന പോലെ ഹരിയേട്ടൻ അവളെ പല്ലു തേയ്പ്പിക്കാൻ കൊണ്ട് പോയി. അച്ഛനെ കണ്ടാൽ പിന്നെ അവൾക്ക് വേറാരും വേണ്ട. അച്ഛന്റെ പൊന്നുമോൾ ഹർഷ. അവൾ ജനിക്കുന്നതിനു മുന്നേ തന്നെ ഹരിയേട്ടൻ പേരൊക്കെ തീരുമാനിച്ചിരുന്നു. 
അതിനു പിന്നിലുമുണ്ട് കഥ. ജീവിതം പലപ്പോഴും കഥകൾ കോർത്തെടുക്കേണ്ടി വരും.
ക്യാപ്റ്റൻ ഹർഷൻ. തിരുവനന്തപുരം മണക്കാട് സ്വദേശി. 2007- ൽ കാശ്മീരിൽ നടന്ന  ഒരേറ്റുമുട്ടലിൽ ഇന്ത്യയ്ക്ക് വേണ്ടി ജീവൻ സമർപ്പിച്ചു. മനസ്സിലേറ്റുന്ന ഓരോന്നിനു വേണ്ടിയും എന്തും സമർപ്പിക്കാൻ നമ്മൾ തയ്യാറാകും.  അശോക ചക്രം നൽകി രാജ്യം ആ ധീര യോദ്ധാവിനെ ആദരിച്ചു.  അന്നേ മനസ്സിലുറപ്പിച്ചതാണ് ആണായാൽ ഹർഷൻ പെണ്ണായാൽ ഹർഷ എന്ന് പേരിടുമെന്ന് . 

പല്ലൊക്കെ തേച്ചു അവർ വന്നപ്പോഴേക്കും അവൾക്കുള്ള പാലും, ഹരിയേട്ടന്റെ ചായയും എന്റെ കാപ്പിയും തയ്യാറായിരുന്നു. ചായയും പത്രവും ഇല്ലെങ്കിൽ ലോകമവസാനിക്കുപ്പോലെയാണ് ഹരിയേട്ടന്. അതിനിടയിൽ ആരെങ്കിലുമെന്തെങ്കിലും ചോദിച്ചാലോ പറഞ്ഞാലോ ഒന്നും മറുപടി കാണില്ല. പാല് കുടിക്കുന്നതിനിടയിൽ  ഇന്ന് ഹർഷക്കൊരുപാട് സംശയങ്ങളാണ്. -- എന്തിനാണ് സ്കൂളിൽ പോകുന്നത്, അവിടെ ആരൊക്കെ കാണും, കളിക്കാൻ പറ്റുമോ, ഉറങ്ങാൻ പറ്റുമോ , അമ്മയും കൂടെ വരുമോ ,  അങ്ങനെ ചോദ്യങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. ഞാനോർത്തു പണ്ടെന്നെ സ്കൂളിൽ ചേർക്കാൻ പോയ സമയം ഞാനിതു പോലെ എന്റമ്മയോട് ചോദിച്ചിട്ടുണ്ടാകുമോ? അതിനെന്താവും 'അമ്മ പറഞ്ഞ മറുപടി. ഒന്നും ഓർത്തെടുക്കാൻ കഴിഞ്ഞില്ല. അവളുടെ കുഞ്ഞു മനസ്സിനെ എന്ത് പറഞ്ഞാണ് മനസ്സിലാക്കുക . ഹരിയേട്ടൻ മാധ്യമലോകത്താണ്. അവർ സൃഷ്ട്ടിക്കുന്ന വഴികളിലൂടെ ചായയുമായി സഞ്ചരിച്ചില്ലെങ്കിൽ ജീവിതത്തിലുണ്ടാകുന്ന നഷ്ട്ടം ഭീകരമാണെന്ന പോലെ. ഹർഷ എന്റെ മറുപടിക്കായി മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു. 

ഗ്ലാസ് അവളുടെ ചുണ്ടോട് ചേർത്ത് വച്ച് കൊണ്ട് പറഞ്ഞു : 
നമ്മുടെ വീട് പോലെ തന്നെയാണ് സ്കൂളും. നമ്മൾ വീട്ടിലിരുന്ന് ചെയ്യുന്ന കാര്യങ്ങൾ മറ്റു കുട്ടികളോടൊപ്പം ചെയ്യാം. അവിടെ കുട്ടികൾ മാത്രമല്ല, ടീച്ചറുണ്ടാവും , ആയമാരുണ്ടാവും, കളിക്കാൻ ഗ്രൗണ്ട് കാണും , കളർ ചെയ്യാനുള്ള പുസ്തകങ്ങൾ, സ്റ്റോറി ബുക്ക്സ് പിന്നെ കളിപ്പാട്ടങ്ങൾ ,  പുതിയ കൂട്ടുകാരെ കിട്ടും, പുത്തൻ കളികൾ പഠിക്കാം, ചിത്രം വരയ്ക്കാം  അങ്ങനെ ഒരുപാടൊരുപാടുണ്ട് സ്കൂളിൽ.. "
പറയുന്നത് കേട്ടിരിക്കാൻ അവൾക്കിഷ്ടമാണ്. പിണക്കമൊന്നുമില്ലാതെ പാല് മുഴുവനും കുടിച്ചു. പക്ഷെ വീണ്ടും എന്തൊക്കൊയോ കേൾക്കാൻ പ്രതീക്ഷയോടെ അവളെന്നെ തന്നെ നോക്കിയിരുന്നു. 

"ഇന്നലെ രാത്രി നമ്മൾ വായിച്ചത് ഓർക്കുന്നുണ്ടോ? സ്വപ്നലോകത്തിൽ സഞ്ചരിക്കുന്ന ആലീസിനെ? ബുക്കിന്റെ പേര് ഓർമ്മയുണ്ടോ മോൾക്ക് ? ആലിസ് ഇൻ വണ്ടർലാൻഡ് . എല്ലാ രാത്രിയും മോൾക്ക് കഥ വായിച്ചു തരുന്നത് ഞാനോ അച്ഛനോ അല്ലേ? എന്നും അമ്മയ്ക്കും അച്ഛനും വായിച്ചു തരാൻ പറ്റില്ലല്ലോ. മോൾക്ക് തനിച്ചു വായിക്കണ്ടേ. സ്കൂളിൽ പോകുമ്പോൾ വായിക്കാൻ പഠിക്കാം. വായിക്കാൻ പഠിച്ചാൽ ഒരുപാട് പുതിയ കഥകൾ വായിക്കാം,  സ്വന്തമായി കഥ എഴുതാം, ദാ അച്ഛനെ പോലെ പത്രം വായിക്കാം, പുതിയ ആളുകളെ പരിചയപ്പെടാം, ബസ്സിൽ പോകാം, റോഡിലൂടെ പോകുന്ന ആളുകളെ കാണാം, അവരെ കുറിച്ച് മനസ്സിലാക്കാം, വലുതാകുമ്പോ ജോലിക്കു പോകാം,   അങ്ങനെ മോൾക്കിഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്യാം."

പറഞ്ഞതിലും നേരത്തെ സ്കൂളിലെത്തി ഞങ്ങൾ. നട്ടുച്ചയ്ക്ക് കടൽക്കരയിൽ പോയ പോലെ വിജനമായിരുന്നു സ്കൂൾ. കൊറോണ കുട്ടികളെ സ്കൂളിൽ ചേർക്കാൻ വന്നാലോ എന്ന് ഭയന്നിട്ടാവും അരങ്ങിൽ മനുഷ്യരില്ലാത്തത്.  പ്രതീക്ഷിച്ചതിലും നേരത്തെ കാര്യങ്ങളെല്ലാം കഴിഞ്ഞു.
അക്ഷരങ്ങളുടെ ലോകത്തിലേക്ക് ഹർഷയും ചുവട് വച്ചു. അവളുടെ ഇഷ്ടം കഥകളിൽ നിന്നും വഴി മാറുമോന്നറിയില്ല. 

No comments:

Post a Comment