Friday, January 25, 2013

ഞാനും ഇവരില്‍ ഒരാളാകുമോ ?

മരുഭൂമി -മലയാളികളുടെ  മാത്രമല്ല മറു നാട്ടുകാരുടേയും  സ്വപ്നലോകം . ഇവിടുത്തെ ദുരിത പൂര്‍ണമായ ജീവിതം മാധ്യമങ്ങളിലൂടെയും കലാ രൂപങ്ങളിലുടെയും എല്ലാം ലോകത്തിന്  അറിവുമുണ്ട് . മരുഭൂമിയിലെ തേന്‍ നുകരാന്‍ അവസരം കിട്ടുന്ന വണ്ടുകള്‍ പറന്നിറങ്ങും പക്ഷെ ഇവിടുത്തെ കൊടും ചൂടില്‍ പറക്കാനാവാതെ വെന്തുരുകി വീഴും . ഒരിക്കലും വാടി തളരാത്ത അവരുടെ മനസ്സ് പലപ്പോഴും ആശ്വാസമായിരുന്നു എന്ന് പടുകൂറ്റന്‍ കെട്ടിടത്തിന്റെ പന്ത്രണ്ടാമത്തെ നിലയില്‍ നിന്നപ്പോള്‍ അവനു തോന്നി.


മണലാരണ്യം വിദൂരത്തല്ല . തന്റെ നാട് പോലെ പച്ച വിരിച്ചിട്ട താഴ്വരകളില്ല . അവന്റെ കണ്ണുകളില്‍ നിറം പകരാന്‍ പൂക്കളും ശലഭങ്ങളുമില്ല . തോളില്‍ തട്ടി ആശ്വസിപ്പിക്കാന്‍ കൂട്ടുകാരില്ല , ഉറങ്ങി എഴുന്നേല്‍ക്കാന്‍ വൈകിയാല്‍ വിളിച്ചുണര്‍ത്താന്‍ അമ്മയില്ല. ഇതൊന്നുമില്ലാത്ത ഒരു ലോകം അവന്റെ മനസ്സിലും ഉണ്ടായിരുന്നില്ല .

ഒട്ടും പ്രതീക്ഷിക്കാതെ വന്നു ചേര്‍ന്ന അവസരം നഷ്ട്ടപ്പെടുത്തേണ്ട എന്ന് കരുതി പുറപ്പെട്ടതാണ് . സ്നേഹിക്കുന്നവരില്‍ നിന്നും അകന്നു നില്‍ക്കേണ്ടി വരുമെന്നറിഞ്ഞിട്ടും ജീവിതത്തില്‍ സ്നേഹം മാത്രം പോരാ പണവും വേണമെന്ന തോന്നല്‍ അവനെ അറബി നാട്ടില്‍ എത്തിച്ചു. 
നേരം പുലര്‍ന്നു. പല്ല്  തേച്  ചായ കുടിച്ചു . ഫോണുമെടുത്ത്  ബാല്‍ക്കണിയില്‍ പോയി നിന്നു .ആ നഗരത്തിന്റെ സൗന്ദര്യം കണ്ടെത്താന്‍ ശ്രമിച്ചു. അവനൊരു കാര്യം മനസ്സിലായി , മറു നാട്ടുകാരാണ് ഈ സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതെന്ന് . 

പാകിസ്ഥാന്‍ , അഫ്ഗാനിസ്ഥാന്‍ , ബംഗ്ളാദേശ്‌  പോലെ പല ദേശത്ത് നിന്നുമുള്ള തൊഴിലാളികള്‍ , തൊട്ടടുത്ത് ഏതോ നിര്‍മ്മാണ കമ്പനിയുടെ ക്യാമ്പാണ് . നേരം തെറ്റാതെ ചുറ്റിലുമുള്ള പള്ളികളില്‍ നിന്നുമുള്ള നിസ്ക്കര പ്രാര്‍ഥന , നൂറിലും നൂറ്റി ഇരുപതിലും പോകുന്ന എ സി ആഡംബര കാറുകളും അതില്‍ വന്നിറങ്ങി തൊഴിലാളികളെ ശാസിക്കുന്ന അറബികള്‍ , ചുട്ടു പൊള്ളുന്ന വെയിലില്‍ റോഡു പണി ചെയ്യുന്നവര്‍  , ദേഹമാസകലം തുണി കൊണ്ട് മൂടി കണ്ണുകള്‍ മാത്രം പുറം ലോകത്തിനു കാണാന്‍ പാകം. ഇവരുടെ ഈ കഷ്ട്ടപ്പാടുകള്‍ വീട്ടുകാര്‍ അറിയുന്നുണ്ടാകുമോ ? അവനുത്തരം കിട്ടിയില്ല.

സൂര്യന്‍ അസ്തമിച്ചു . എല്ലാവരും മുറികളിലേക്ക് മടങ്ങി. ഭക്ഷണം കിട്ടിയില്ലെങ്കിലും സാരമില്ല ഒന്ന് നാട് നിവര്‍ത്തി കിടന്നാല്‍ മതി . അവന്‍ മുറിയില്‍ നിന്നും ഇറങ്ങി വെറുതെ വരാന്തയിലൂടെ നടന്നു. മിക്ക മുറികളിലും ടി വി ഉച്ചത്തില്‍ വച്ചിട്ടുണ്ട് . അതിശയം മറ്റൊന്നുമല്ല കൂടുതലും കേള്‍ക്കുന്ന ഭാഷ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ മലയാളം .

വീണ്ടും തിരിച്ച് ബാല്കണിയിലേക്ക്  പോകാന്‍ അവന്റെ മനസ്സ് പറഞ്ഞു. പക്ഷെ അവനെ കാത്തിരുന്നത്  പകല്‍ കാഴ്ചകളെക്കാള്‍ വേറിട്ടവ ആയിരുന്നു. കേരളത്തിലെ ഹൈവേകളെക്കാള്‍ വിസ്തീര്‍ണമായ റോഡുകള്‍ നേരമിരുട്ടിയാല്‍ ശൂന്യമാണ് . ഇരു വശവുമുള്ള കെട്ടിടത്തിന്റെ ചില ഭാഗങ്ങളില്‍ വെളിച്ചം മിഴി തുറന്നു . പക്ഷെ മുന്നില്‍ അപ്പോഴും അന്ധകാരത്തിന്റെ കൊട്ടാരമാണ് . ചൂട് കാറ്റില്‍ പറക്കുന്ന മണല്‍ത്തരികള്‍ കാണാനില്ല .പകല്‍ വെളിച്ചത്തില്‍ കണ്ട പരന്ന് കിടക്കുന്ന മണലാരണ്യം ഇരുട്ടില്‍ മുങ്ങി പോയി . നേരിയ വെളിച്ചം പോലും അതിനിടയില്‍ നിന്നും കണ്ടെത്താന്‍ അവനായില്ല . അന്തരീക്ഷം തണുത്തില്ല എന്നാലും ചൂട് കുറഞ്ഞ പോലെ തോന്നി .ഗള്‍ഫുകാരുടെ അത്തറിന്റെ മണം ഒന്നും അവരുടെ ജീവിതത്തില്‍ ഇല്ല .
ആ ദിവസം അവസാനിച്ചു. അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി . ഫോണും നോക്കി ബാല്കണിയില്‍ എത്ര നാളെന്നറിയാതെ അവന്‍ ഓര്‍ത്തു ഞാനും ഇവരില്‍ ഒരാളാകുമോ ?


No comments:

Post a Comment