Thursday, April 21, 2016

ഓര്‍മ്മയിലെ മഴ


ഒരു മാസം വാങ്ങുന്ന ശമ്പളത്തിന്റെ നല്ലൊരു  പങ്ക് പുസ്തകങ്ങള്‍ വാങ്ങാനാണ് ഞാന്‍ ഉപയോഗിക്കുന്നത്. വാങ്ങിച്ചു കൂട്ടുന്നതെല്ലാം ഞാന്‍ വായിക്കാറൊന്നുമില്ല പക്ഷെ എനിക്കൊരു കൂട്ടുകാരി ഉണ്ട് അവള്‍ കുറെ ഒക്കെ വായിച്ചിട്ട് അഭിപ്രായം പറയും. അത് കേട്ടിട്ട് ഇഷ്ടം തോന്നിയാല്‍ ചില പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് വായിക്കും. അതാണ് പതിവ്. റോബിന്‍ ശര്‍മയുടെ അഭിപ്രായങ്ങളും പ്രയോഗങ്ങളും ഒരു വശത്ത്, ചേതന്‍ ഭഗത് , നോവോനീല്‍ , ലാഹിരി, നികിത എന്നിവരുടെ കഥകളും കഥാപാത്രങ്ങളും മറു വശത്ത്. കഥകള്‍ക്ക് പുതുമ തോന്നിയത് നോവോനീലിന്റെ എഴുത്തിനാണ് . എഴുതുന്ന ശൈലിക്കൊരു പ്രത്യേക ഭംഗി ഉണ്ട്.
പുറത്ത് ഇടവപ്പാതി പെയ്തിറങ്ങുകയാണ്‌. വൈദ്യുതി പോകുമോ എന്നുള്ള പേടിയിലാണ് ഇരിക്കുന്നത്. പണ്ട് കണ്ടിട്ടുള്ള ഏതോ മുകേഷ് സിനിമ പോലെ ആണ് ഇവിടുത്തെ അവസ്ഥ മഴ മാനത്ത് കണ്ടാല്‍ തന്നെ വലിയ കഷ്ട്ടപ്പാടാണ്. ഇന്ദ്രചാപവും മേഘഗര്‍ജ്ജനവും അവളെ സര്‍വാലങ്കര ഭൂഷിയതയാക്കി. തണുത്ത കാറ്റും കൊണ്ട് ജനലരികില്‍ മഴയില്‍ ലയിച്ചങ്ങു നിന്നു . ഞാന്‍ അറിയാതെ ഞാനാ മഴയില്‍ അലിഞ്ഞു പോയി.
വര്‍ഷങ്ങള്‍ മുന്‍പ് ഇത് പോലൊരു മഴ പെയ്തിരുന്നു
.....
..
മിത്ര
വഴി അറിയാതെ നീ നിന്നപ്പോള്‍ ഞാന്‍ വഴികാട്ടിയായി. പ്രശ്ങ്ങളെ അഭിമുഖീകരിക്കാനും പങ്കുവൈക്കാനും കൂട്ടുകാരനായി. ലാസ്യത്തില്‍ നീരാടിയ നിന്റെ മുഖവും മിഴികളും എന്നെ കാമുകനാക്കി . നെയ്തു കൂട്ടിയ സ്വപ്നങ്ങളില്‍ നമ്മള്‍ ഭാര്യാ ഭര്‍ത്താവായി, അമ്മയും അച്ഛനും ആയി, അമ്മൂമ്മയും അപ്പൂപ്പനും അങ്ങനെ എല്ലാം എല്ലാം ആയി.
കോരി ചൊരിയുന്ന മഴയത്ത് എന്റെ കുടക്കീഴില്‍ നീ വന്നപ്പോള്‍ മഴയുടെ സൗന്ദര്യത്തില്‍ ശ്രിങ്കാരം അലിഞ്ഞു ചേര്‍ന്നിരുന്നു. ഓരോ തവണ നീ പിണങ്ങുമ്പോഴും തുടുത്ത കവിള്‍ തടങ്ങള്‍ വീണ്ടും എന്നെ നിന്നിലേക്ക്‌ അടുപ്പിച്ചു.
കണ്ണു തുറന്നു കണ്ട സ്വപ്‌നങ്ങള്‍ ഒക്കെയും കണ്ണിമ ചിമ്മുന്ന വേഗത്തില്‍ എന്നില്‍ നിന്നും അകന്നു. ജീവിതത്തില്‍ നീ എന്നെ വെറും കാഴ്ചക്കാരനാക്കി. പ്രകാശിന്റെ കാറില്‍ നീ കയറി പോയത് മുതല്‍ അവന്‍ നിന്റെ കഴുത്തില്‍ താലി കെട്ടുന്നത് വരെ ഒരു കാഴ്ചക്കാരനെ പോലെ ഞാന്‍ കണ്ടു നിന്നു.
യേശു ക്രിസ്തുവിനെ ക്രൂശില്‍ തറച്ച വേധനയോളം വരുമോ എന്നറിയില്ല എന്നാലും എന്റെ നെഞ്ച് പിടഞ്ഞു. കലങ്ങിയ കണ്ണും നെഞ്ചുമായി ഞാന്‍ നടന്നു കയറിയത് ഇത് പോലെ കോരിച്ചൊരിയുന്ന മഴയിലേക്കാണ് . ആ തുള്ളികള്‍ക്ക് സൂചിമുനയുടെ മൂര്‍ച്ച ഉണ്ടായിരുന്നു.
ദൂരം വിദൂരമായി .
സോഷ്യല്‍ മീഡിയയില്‍ നീയും ഭര്‍ത്താവും ഒന്നിച്ചുള്ള ചിത്രങ്ങള്‍ കണ്ടു. ഓരോന്നും ആയുസ്സ് എത്താതെ മരിച്ച എന്റെ സ്വപ്‌നങ്ങള്‍ ആയിരുന്നു. ഞാന്‍ വായിച്ചു താലോലിച്ച പുസ്തക താളുകള്‍ ആയിരുന്നു.
..

ഇന്ന്‍ ഈ രാത്രി നിന്നെ കുറിച്ച് ഓര്‍ക്കാന്‍ എനിക്ക് ആഗ്രഹമില്ല. പക്ഷെ ഈ മഴ എന്നെ വെറുതെ വിടുന്ന ലക്ഷണം ഒന്നുമില്ല. 

No comments:

Post a Comment