Saturday, April 30, 2016

അസുര(Asura) – Anand Neelakantan


ഒരുപാട് തവണ amazon. in നോക്കുമ്പോള്‍ ഈ പുസ്തകം ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ വാങ്ങാന്‍ കൂട്ടാക്കിയില്ല. പക്ഷെ ഒരു ഞായറാഴ്ച പത്രം നോക്കിയപ്പോള്‍ അന്നത്തെ ആഴ്ച പതിപ്പില്‍ ആനന്ദ്‌ നീലകണ്ഠന്‍ എന്ന എഴുത്തുകാരനെ കുറിച്ചായിരുന്നു. അത് വായിച്ചപ്പോള്‍ ആണ് ഞാന്‍ അറിഞ്ഞത് മലയാളി ആണെന്ന്. സ്കൂളില്‍ പഠിക്കുന്ന സമയത്തൊക്കെ ആംഗലേയ ഭാഷ അദ്ദേഹത്തിന് അത്ര വഴങ്ങിയിരുന്നില്ല. എന്നാല്‍ ആ ഭാഷ കൈയില്‍ ഒതുക്കാന്‍ ഉള്ള ഉറച്ച തീരുമാനമാണ് അദ്ധേഹത്തെ ഒരു എഴുത്തുകാരന്‍ ആക്കിയത്. ഈ ഒരു പുസ്തകം പ്രകാശനം ചെയ്യാന്‍ ഒരുപാടു പ്രസാധകരെ കണ്ട് സംസാരിച്ചെങ്കിലും ആരും തയ്യാറായില്ല. ഒടുവില ഒരാള്‍ തയാറായി. ആദ്യ പടി എന്ന നിലയ്ക്ക് വെറും നൂറ് പുസ്തകങ്ങള്‍ മാത്രമാണ് അച്ചടിച്ചത്. പക്ഷെ വായനകാരുടെ ആവശ്യം അനുസരിച്ച് നാലു ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കേണ്ടി വന്നു.
രാവണന്‍ എന്ന അസുരനെ കുറിച്ച് നല്ലത് ഒന്നും കേട്ടിട്ടില്ല. പക്ഷെ ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍ രാവണന്റെ ഭാഗം ശരിയാണെന്ന് എനിക്ക് തോന്നി. ഏതു കാലഘട്ടത്തിലും തൊലി കറുത്ത ആളുകള്‍ നേരിടുന്ന അവഗണ ആണ് പ്രധാന വിഷയം. ആനുകാലിക പ്രസക്തിയുള്ള ഒരു നോവല്‍ ആണിത്.
 രാമ രാവണ യുദ്ധത്തില്‍ പരാജയപ്പെട്ട രാവണന്‍ മരണത്തിനു തൊട്ടു മുന്നേ തന്റെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുകയാണ്.എല്ലാവരും തുല്യരായ ലോകം സ്വപ്നം കണ്ട വ്യക്തി ആണ് അസുരന്‍. സംഗീതത്തിലും കലയിലും പ്രാവീണ്യം നേടിയ അസുരന്‍. ഇച്ചാശക്തി ഒന്ന് കൊണ്ട് അസുരന്മാരുടെ ചക്രവര്‍ത്തി ആയ രാവണന്‍. അച്ഛന്‍ ബ്രാഹ്മണന്‍ ആയിട്ടും ദേവന്മാരോടുള്ള ഇഷ്ട്ടകേടിനു കുറവൊന്നും ഇല്ലായിരുന്നു. പണവും പധവിയുമാണ് ആവശ്യമെന്ന് തിരിച്ചറിഞ്ഞ് അതിനു വേണ്ടി പ്രവര്‍ത്തിച്ചു. എന്നിട്ടും സ്വന്തം സഹോദരന്‍ വിഭീഷണന്‍ രാവണനെ ചതിച്ചു. സഹോദരന്‍ മാത്രമല്ല വിശ്വസിച്ച് കൂടെ നിര്‍ത്തിയ പല അസുരന്മാരും അദ്ധേഹത്തെ വഞ്ചിച്ചു.
സ്വന്തം ഭാര്യയെ വിശ്വസിക്കാതെ വേദാന്തം പറഞ്ഞ ജ്ഞാനികളെ അനുസരിച്ച രാമനാണോ ഉത്തമ പുരുഷന്‍ ? ആയിര കണക്കിന് ആളുകളെ കൊന്നും പരിക്കേല്‍പ്പിച്ചും സീതയെ തിരികെ കൊണ്ട് വന്നത് അവിശ്വസിക്കാന്‍ ആയിരുന്നോ. മറ്റുള്ളവര്‍ പറയുന്നത് കേട്ട് സീതയെ അവിശ്വസിച്ച രാമന്‍ എങ്ങനെയാണ് ഉത്തമ ഭര്‍ത്താവാകുന്നത്. മിക്ക ഭാഗങ്ങള്‍ വായിച്ചപ്പോള്‍ എനിക്ക് തോന്നിയ മറ്റൊരു കാര്യം രാജ ഭരണം ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചല്ല. ലങ്കയുടെ കാര്യം എടുത്താല്‍ തന്നെ പല കാര്യങ്ങളിലും രാവണന്‍ മന്ത്രിമാരുടെ തീരുമാനങ്ങള്‍ അനുസരിക്കുകയാണ് ചെയ്തത്. പക്ഷെ ആ തീരുമാനത്തിന്റെ ഭവിഷത്ത് എന്തായാലും, നല്ലതോ ചീത്തയോ, രാജാവിനു തന്നെ. എന്നാല്‍ പല കാര്യങ്ങളിലും രാവണന്റെ സങ്കല്പം പോലെ മാത്രം ചെയ്യാനും കഴിഞ്ഞില്ല.
ദേവന്മാരും അസുരന്മാരും അഭിപ്രായ വ്യത്യാസങ്ങള്‍ ആയിരുന്നു ഏറെയും. സമൂഹത്തില്‍ നിലനിന്നിരുന്നു എന്ന്‍ പറയുന്ന പല അനാചാരങ്ങളും ഇന്നും പല സ്ഥലങ്ങളിലും നിലനില്‍ക്കുന്നുണ്ട്. തൊട്ടുകൂടായ്മ, സ്ത്രീകള്‍ക്ക് വിദ്യാഭാസം നിഷേധിക്കുക, ജാതി വ്യവസ്ഥ മുതലായവയൊക്കെ പുറമേ കാണാത്ത പ്രശ്നങ്ങളായി നമുക്കിടയില്‍ ഉണ്ട്. സമൂഹ നീതി ന്യായ വ്യവസ്ഥയെ ചൂണ്ടി കാട്ടുന്നുണ്ട് ഇതിലൂടെ.
കഥയില്‍ ചില മാറ്റങ്ങള്‍ ഉണ്ടെങ്കിലും അതിനെക്കാള്‍ കൂടുതല്‍ എന്നെ ആകര്‍ഷിച്ചത് വളരെ എളുപ്പത്തില്‍ ഉപമിക്കാന്‍ പറ്റുന്ന നമുക്ക് ചുറ്റിലും നടക്കുന്ന സംഭവങ്ങളാണ്. റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടു പിടിക്കുന്നതിനു നൂറ്റാണ്ടുകള്‍ മുന്‍പേ വിമാനം എന്ന ആശയം പ്രാവര്‍ത്തികമാക്കിയ പൂര്‍വികര്‍ നമുക്കുണ്ട്.പുഷ്പക വിമാനത്തില്‍ ആണല്ലോ രാവണന്‍ സീതയെ കടത്തി കൊണ്ട് വരുന്നത്. എല്ലാ സുഖ സൗകര്യങ്ങളും നല്‍കി വാഴിക്കാന്‍ രാവണന്‍ തയ്യാര്‍ ആയിരുന്നിട്ടും അതെല്ലാം സീത നിരസിച്ചു.
രാമായണം എന്ന കാവ്യത്തിന് നല്‍കിയ പുതിയ വ്യാഖ്യാനം എനിക്ക് ഒരുപാട് ഇഷ്ടമായി. അത് സത്യമായിരുന്നെങ്കില്‍ എന്ന്‍ ആശിച്ചു പോയി. വളരെ അപൂര്‍വമായി മാത്രമേ രാവണന്റെ കഴിവുകളും മികവുകളും പലരും പറഞ്ഞു കേട്ടിട്ടുള്ളൂ. രുദ്ര വീണ മീട്ടുന്ന രാവണനെ സംഗീതത്തെ സ്നേഹിക്കുന്ന രാവണനെ കുറിച്ച് അധികം എങ്ങും പരാമര്ഷിക്കാറില്ല. രാവണന്റെ പത്തു തല എന്നതിനേക്കാള്‍ യോജിക്കുന്നത് ഏതൊരു മനുഷ്യനും ഉള്ള പത്തു മുഖങ്ങള്‍ ആണ്.
രാജ്യങ്ങള്‍ തമ്മിലുള്ള അനാവശ്യ യുദ്ധത്തിന്റെ ഭവിഷത്ത് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളും തന്നെയാണ്. ഏത് കാലഘട്ടത്തിലും അതിനു മാറ്റമില്ല. സ്വന്തം ആവശ്യങ്ങള്‍ നേടി എടുക്കാന്‍ ആഗ്രഹിക്കുന്ന നേതാവ് ആരായാലും ജനങ്ങള്‍ക്ക് ഉണ്ടാകുന്ന കഷ്ട്ടപ്പാടിനെ മനപൂര്‍വ്വം മറക്കുന്നതാണോ ?

ഇനിയും ഇത്തരം ശൈലികള്‍ എഴുത്തുകാരനില്‍ നിന്നും  പ്രതീക്ഷിക്കുന്നു. 

No comments:

Post a Comment