Sunday, January 22, 2017

എന്താകുമോ എന്തോ?

വേനലവധി ആയതിനാല്‍ കുടുംബക്കാരെല്ലാം എന്റെ വീട്ടില്‍ ഉണ്ട്. വെറുതെ ഒരു ഒത്തുകൂടല്‍ അല്ല. എന്നെ പെണ്ണ് കാണാന്‍ ചെക്കനും വീട്ടുകാരും വരുന്നത് കൊണ്ട് എല്ലാവരും വന്നതാണ്‌. കല്യാണം കഴിക്കാന്‍ താല്പര്യം ഇല്ലായിരുന്നെങ്കിലും വീടുകാരുടെ നിര്‍ബന്ധത്തിനു സമ്മതം മൂളി. വരുന്ന ചെക്കനെക്കുറിച്ച് അധികമൊന്നും അറിയില്ല. പഠിച്ചത് തിരുവനന്തപുരം നഗരത്തില്‍ തന്നെയാണ്. കുറച്ചുനാള്‍ ടെക്നോപാര്‍ക്കില്‍ ജോലി ചെയ്തു അതിനു ശേഷം ബെന്ഗലുരു . അവിടുന്ന് കമ്പനി തന്നെ വിദേശത്തേക്ക് അയച്ചു. ഇതൊക്കെ കുടുംബക്കാരുടെ സംസാരത്തിനിടയില്‍ നിന്നും കേട്ടതാണ്. ഞാന്‍ ഒന്നും ചോദിക്കാന്‍ മുതിര്‍ന്നില്ല. അതിനുള്ള മനസ്സില്ലായിരുന്നു എന്നതാണ് സത്യം. വീട്ടുകാര്‍ ഉത്സാഹത്തിലാണ്. കുടുംബത്തിലെ ആദ്യ പെണ്‍കുട്ടിയുടെ പെണ്ണ് കാണല്‍ ചടങ്ങാണ്. എല്ലാവരും വഴക്കുകള്‍ മറന്ന് ഒത്ത് ചേര്‍ന്നിരിക്കുകയാണ്.
അടക്കം പറച്ചിലുകള്‍ അവസാനിപ്പിച്ച്‌ കൊണ്ട് ചെക്കനും വീട്ടുകാരും എത്തി.സ്വീകരണ മുറിയില്‍ എല്ലാവരും ഇരുന്ന് സംസാരിക്കുകയാണ്, ഒടുവില്‍ ആ സമയം എത്തി. പെണ്ണിനെ വിളിച്ചു . എത്രയൊക്കെ പുരോഗമന ചിന്താഗതി ഉള്ളവരും ആചാരങ്ങളില്‍ ഒരിക്കലും വിട്ടു വീഴ്ച്ച കാണിക്കില്ല. വാക്കിലും പ്രവര്‍ത്തിയിലും കമ്മ്യൂണിസം ഇഴുകി ചേര്‍ന്നിട്ടുണ്ടെങ്കിലും ജീവിത ശൈലിയില്‍ അതൊന്നും അച്ഛന്റെ പ്രവര്‍ത്തികളില്‍ കണ്ടില്ല. ചെക്കനും പെണ്‍കുട്ടിക്കും എന്തെങ്കിലും സംസാരിക്കണമെങ്കില്‍ ആവട്ടെ എന്ന്‍ ആരോ പറഞ്ഞു. മുറിയിലേക്ക് പോകാന്‍ പറഞ്ഞപ്പോള്‍ ചെക്കന്‍ പറഞ്ഞു വേണ്ട പുറത്ത് പോയാല്‍ മതി. അങ്ങനെ വീടിനു പുറത്തിറങ്ങി പരസ്പരം സംസാരിക്കാന്‍.എനിക്കൊന്നും പറയാനില്ല, ചോദിക്കാനും.
“ഈ വിവാഹം ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് മറ്റൊരു കുട്ടിയെ ഇഷ്ട്ടമാണ്.അത് നടത്താന്‍ വീട്ടുകാര്‍ക്ക് സമ്മതമല്ല.അത് കൊണ്ടാണ് ഇത്രയും തിടുക്കപെട്ട് കാര്യങ്ങള്‍ അവര്‍ നടത്തുന്നത്. എന്നെ ഇഷ്ടമായില്ല എന്ന്‍ ഇയാള്‍ വീട്ടുകാരോട് പറയണം. പ്ലീസ്‌ ..”
എന്തോക്കൊയോ പ്രതീക്ഷിച്ചു നിന്ന എനിക്ക് പെട്ടെന്ന്‍ ഒന്നും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.തുള്ളി ചാടാനൊക്കെ തോന്നി പക്ഷെ എന്റെ അവസ്ഥ അതിനെക്കാള്‍ പരിതാപം ആണെന്ന്‍ അയാള്‍ക്ക് അറിയില്ലല്ലോ. “ഇപ്പോള്‍ ഞാനെന്ത് പറഞ്ഞാലും ഇത് നടത്താതെ ഇരിക്കാനുള്ള എന്റെ തന്ത്രം ആണെന്ന്‍ വീട്ടുകാര്‍ പറയു. അത് കൊണ്ട് തല്‍കാലം നമുക്ക് വിശദമായി പിന്നീട് സംസാരിക്കാം. ഇപ്പോള്‍ അവര്‍ എന്താണെന്ന്‍ വച്ചാല്‍ തീരുമാനിക്കട്ടെ.” അയാള്‍ ഞാന്‍ പറഞ്ഞത് സമ്മതിച്ചെന്ന പോലെ വീടിലേക്ക്‌ കയറി പോയി.
ദിവസങ്ങള്‍ കടന്നു പോയി. ചടങ്ങുകള്‍ ഓരോന്നായ് അതിന്റെ വഴിക്ക് നടന്നു.ചെക്കന്റെ വീട്ടില്‍ നിന്ന് പെണ്ണുങ്ങള്‍ വന്നു, പിന്നെ ജാതകം കൈ മാറല്‍, തീയതി കുറിക്കാനുള്ള ഓട്ടം, കല്യാണം എവിടെ നടത്തണം എന്നുള്ള ചര്‍ച്ചകള്‍,അങ്ങനെ ഓരോന്നോരോന്നു നീണ്ടു നീണ്ടു പോയി. സോഷ്യല്‍ മീഡിയ വഴി അയാളെന്റെ ഫോണ്‍ നമ്പര്‍ വാങ്ങി എന്നെ വിളിച്ചു. ഞാന്‍ എന്ത് കൊണ്ട് നോ പറഞ്ഞില്ല എന്നുള്ള ചോദ്യം ആവര്‍ത്തിച്ച്‌ കൊണ്ടിരുന്നു. “എന്റെ വീട്ടുകാര്‍ ഒരിക്കലും എന്റെ ആഗ്രഹങ്ങള്‍ സാധിച്ചു തന്നിട്ടില്ല. എല്ലാം അവരുടെ ഇഷ്ട്ടങ്ങള്‍ എന്നില്‍ അടിച്ചേല്‍പ്പിക്കുക ആയിരുന്നു ഇത്രയും കാലവും.ഈ കാര്യത്തിലും അതെ സംഭവിക്കു, താന്‍ പേടിക്കേണ്ട. താന്‍ ഇഷ്ട്ടപെടുന്ന കുട്ടിയോടൊപ്പം തന്നെ തനിക്ക് ജീവിക്കാം.തന്റെ ഒരു കാര്യത്തിലും ഞാന്‍ ഇടപെടാന്‍ വരില്ല. മറ്റുള്ളവര്‍ക്ക് മുന്നില്‍ ഭാര്യവും ഭര്‍ത്താവും എന്ന നാടകം നടക്കട്ടെ.ഇങ്ങനെ മാത്രമേ എനിക്ക് ജീവിതത്തില്‍ സ്വാതന്ത്ര്യത്തിന്റെ മധുരം അറിയാനാവു. പ്ലീസ്‌ ..”
അങ്ങനെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. എനിക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാം, ഇഷ്ടമുള്ള സ്ഥലങ്ങളില്‍ ഒറ്റയ്ക്ക് പോകാം, ഒറ്റയ്ക്ക് കാര്‍ ഓടിച്ച് കടപ്പുറത്ത് പോകാം, ഞാന്‍ സ്വന്തന്ത്രയായി പ്രഖ്യാപിക്കപ്പെട്ടു.
ഒരു മുറിയില്‍ ഞങ്ങള്‍ നല്ല കൂട്ടുകാരായി കഴിഞ്ഞു. അയാളുടെ പ്രണയിനിയോട് സംസാരിച്ചതിന് ശേഷം അയാളുടെ കഥകള്‍ ഓരോന്നും ഓരോ രാത്രികളില്‍ എന്നോട് പറഞ്ഞു,പറഞ്ഞതില്‍ അധികവും അവരുടെ പ്രണയത്തെ കുറിച്ചായിരുന്നു. പുസ്തകങ്ങളില്‍ വായിച്ച പോലെ പ്രണയിക്കാന്‍ കഴിയില്ലെന്ന വാചകം അര്‍ദ്ധശൂന്യമാണെന്ന് അവരുടെ പ്രണയം എന്നോട് പറഞ്ഞു.എന്റെ സാനിദ്ധ്യത്തില്‍ പലപ്പോഴും അവര്‍ കണ്ടിട്ടുണ്ട്.അസാധാരണമായി എനിക്കൊന്നും തോന്നിയില്ല പക്ഷെ നേരിട്ട് കണ്ടപ്പോള്‍ എന്റെ മനസ്സ് അറിയാതെ പറഞ്ഞു അയാള്‍ക്ക് ചേര്‍ന്ന ഒരു പെണ്ണല്ല അവളെന്ന്.എന്റെ സ്വാര്‍ത്ഥത ആണോ അതിനു കാരണമെന്ന്‍ ഞാന്‍ പിന്നീട് ആലോചിച്ചെങ്കിലും ഉത്തരം കിട്ടിയില്ല.
പല രാത്രികളിലും അവര്‍ തമ്മില്‍ പിണങ്ങി. ചിലപ്പോള്‍ അയാളത് എന്നോട് പങ്ക് വച്ചു. ആ സമയത്താണ് അയാളുടെ ഒരു സുഹൃത്ത് വീട്ടില്‍ വന്നത്.അയാളെ കുറിച്ചെല്ലാം അറിയുന്ന സുഹൃത്ത്.ഈ വിവാഹം നടന്നതിന്റെ കാരണം പോലുമറിയാം.അത്രയും അടുപ്പമുള്ള ഒരാള്‍.സുഹൃത്ത് വന്നത് അയാളോട് ആ പ്രണയത്തില്‍ നിന്നും പിന്മാറണം എന്ന്‍ പറയാനാണ്. അയാളുടെ പ്രണയിനിയുടെ വഴി വിട്ട പ്രവര്‍ത്തികള്‍ ചിലതെല്ലാം പറഞ്ഞു. പക്ഷെ സുഹൃത്ത് പറഞ്ഞതൊന്നും വിശ്വസിക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല.പിന്നീടുള്ള ദിവസങ്ങളില്‍ അയാള്‍ വളരെ അസ്വസ്ഥനായിരുന്നു.എങ്കിലും എന്നോട് സംസാരിച്ചു.എന്ത് ചെയ്യണമെന്ന്‍ പലപ്പോഴും എന്നോട് ചോദിച്ചു. കൃത്യമായ മറുപടി എനിക്ക് പറയാന്‍ സാധിച്ചില്ല എങ്കിലും ഞാന്‍ പറഞ്ഞു “ ഇതിന് ആകെ ഒരു വഴിയെ ഉള്ളു. നിങ്ങള്‍ രണ്ടു പേരും സംസാരിക്കണം.വെറും തെറ്റ് ധാരണയുടെ പേരില്‍ ആണെങ്കില്‍ അത് സംസാരിച്ചാല്‍ തീരും.മറിച്ചാണെങ്കില്‍ അവസാനിപ്പിക്കുന്നതാണ് നല്ലത്.”
ശരിയാണെന്ന് തോന്നിയത് കൊണ്ടാവും അവളോട് സംസാരിക്കാന്‍ തന്നെ അയാള്‍ തീരുമാനിച്ചു.

സംസാരത്തിനൊടുവില്‍ അവരെടുത്ത തീരുമാനം എന്റെ നെഞ്ചിടിപ്പ് കൂട്ടി എന്നതാണ് സത്യം. വീണ്ടും ഞാന്‍ ജയില്‍ പുള്ളി ആകുമോ ?

No comments:

Post a Comment