Wednesday, February 1, 2017

കാണാതെ പോയ മുഖം


“എനിക്ക് നിന്റെ അച്ഛനെ കാണണം. എന്ന് പറ്റും?”
“ഞാന്‍ പോലും അച്ഛനെ നേരെ കാണാറില്ല. അച്ഛന്‍ രാത്രി പത്ത് മണി കഴിയുമ്പോള്‍ വരും, ഞാന്‍ ഉറങ്ങി എണീക്കും മുന്‍പേ പോകും. പിന്നെ ചേച്ചി എങ്ങനെ അച്ഛനെ കാണും. വേണേല്‍ എന്റെ വീട്ടില്‍ വാ.. രാത്രി അച്ഛനെ കാണാം”
ഏതൊക്കെ അവസരത്തില്‍ ഞാന്‍ അച്ഛനെ കാണണം എന്ന്‍ പറഞ്ഞാലും സുധി മോന്റെ മറുപടി ഇതായിരുന്നു. അവനെ ഞാന്‍ കാണാന്‍ തുടങ്ങിയിട്ട് ആറു മാസം ആയിട്ടെ ഉള്ളു. എന്റെ അടുത്ത് ആദ്യം വന്ന സമയം അവന്‍ മുഖത്ത് നോക്കില്ല, സംസാരിക്കില്ല, അധികം ആരോടും ഇടപഴകിയില്ല. പക്ഷെ ഏകദേശം ഒരു മാസം കഴിഞ്ഞപ്പോള്‍ അവന്‍ വളരെ അധികം സംസാരിക്കാന്‍ തുടങ്ങി. സത്യത്തില്‍ അവന്റെ മാറ്റം എന്നെ അത്ഭുതപ്പെടുത്തി എന്ന് തന്നെ പറയാം.അവന്റെ സ്കൂളിലെ വിശേഷങ്ങള്‍, വീട്ടിലെ വിശേഷങ്ങള്‍ ഇതെല്ലാം വരുന്ന രണ്ട് ദിവസത്തില്‍ അവന്‍ എന്നോട് പറയും.
പത്താം ക്ലാസ്സില്‍ ആണ് സുധി. അവന്റെ ചോദ്യം എന്തിനാണ് നമ്മള്‍ പഠിക്കുന്നത്? അതിന്റെ ആവശ്യം എന്താണ്? പഠിച്ചില്ലെങ്കില്‍ എന്താണ് കുഴപ്പം? അവന്റെ കാഴ്ച്ചപ്പാടില്‍ ജീവിതത്തില്‍ ബുദ്ധിമുട്ട് എന്താണെന്ന് അറിയില്ല. അവന്റെ ഏത് ആവശ്യങ്ങളും സാധിച്ചു കൊടുക്കാന്‍ അവന്റെ വീട്ടുകാര്‍ക്ക് പറ്റുന്നുണ്ട്. അവനെ സ്കൂളില്‍ വിടുന്നു, മാത് iit ക്ലാസ്സില്‍ ചേര്‍ത്തു, ചെസ്സ്‌ പഠിപ്പിക്കുന്നു,മൃദംഗം,അങ്ങനെ ഈ പ്രായത്തില്‍ തന്നെ അവന്‍ തിരക്കിലാണ്. ഇതിനിടയില്‍ സുധിക്ക് സിനിമ കാണാന്‍ പോകണം.മിക്ക സിനിമകളും ഒന്നിലധികം തവണ അവന്‍ കാണും. എല്ലാ കുട്ടികളെയും പോലെ തന്നെ അവനും അടിയും ഇടിയും ഒക്കെ സിനിമ മാത്രമേ കൊള്ളാം എന്ന് പറയാറുള്ളൂ. കുടുംബ ചിത്രങ്ങള്‍ അവനെ ബോറടിപ്പിക്കും.
കഴിഞ്ഞ തിങ്കളാഴ്ച്ച ഞാന്‍ അവനോട് വീണ്ടും ചോദിച്ചു “എന്നാടാ എനിക്ക് നിന്റെ അച്ഛനെ കാണാന്‍ പറ്റുന്നത്? നിന്റെ ക്ലാസ്സ്‌ തീരാറായി”
അവന്‍ ഒന്നും പറഞ്ഞില്ല പകരം ഒരു ചിരിയില്‍ ഒതുക്കി.
ചൊവ്വാഴ്ച രാത്രി ഒരു ഫോണ്‍ വന്നു സുധിയുടെ അച്ഛന്‍ മരിച്ചു എന്ന വാര്‍ത്തയാണ് വിളിച്ച ആള്‍ക്ക് പറയാന്‍ ഉണ്ടായിരുന്നത്.എനിക്കെന്റെ കാതുകളെ വിശ്വസിക്കാനായില്ല.അതെങ്ങനെ സംഭവിക്കും? ഒരിക്കലും സത്യമാവരുതേ എന്ന് ആഗ്രഹിച്ച് എന്റെ ഒരു സുഹൃത്തിനെ വിളിച്ചു. വിളിച്ചപ്പോള്‍ അത് സത്യമാണ് എന്ന്‍ ഉറപ്പിച്ചു.
ചേച്ചി ഡോക്ടര്‍ ആവാന്‍ പഠിക്കുന്നു, അനിയത്തി അഞ്ചാം ക്ലാസ്സില്‍, സുധി പത്തില്‍, അമ്മയ്ക്ക് ജോലിയുണ്ട് ആവശ്യത്തിലധികം കാശും ഉണ്ട് പക്ഷെ ഇതെല്ലാം ഒരാള്‍ക്ക് പകരമാവില്ലല്ലോ.
ബുധനാഴ്ച രാവിലെ ഉറങ്ങി എണീറ്റ്‌ വന്ന എനിക്ക് അമ്മ കാണിച്ച് തന്നത് ദേശാഭിമാനി പത്രത്തിന്റെ ചരമ പേജില്‍ ഒരു കോളം വാര്‍ത്തയായി സുധിയുടെ അച്ഛന്റെ മരണം.
സന്തോഷ്‌ 55 വയസ്സ് ഹൃദയാഘാധത്തെ തുടര്‍ന്നു മരിച്ചു.
ഇന്നലെ കൂടി ഞാന്‍ അവനോട് ചോദിച്ചു നിന്റെ അച്ഛനെ എന്ന്‍ കാണാന്‍ പറ്റും? അങ്ങനെ ആദ്യമായി സുധി മോന്റെ അച്ഛനെ ഞാന്‍ കണ്ടു ചരമ കുറിപ്പില്‍ . ഇതെന്തൊരു വിധിയാണ് ദൈവമേ. സുധിയുടെ വാക്കുകളില്‍ മാത്രം കേട്ട് പരിചയമുള്ള അച്ഛനെ ഇങ്ങനെ ആണോ ഞാന്‍ കാണേണ്ടി ഇരുന്നത്?
മരണ വീട്ടില്‍ പോകുന്ന വഴി വീണ്ടും ഞാന്‍ കണ്ടു ആ മുഖം – നോട്ടീസിന്റെ രൂപത്തില്‍ മതിലില്‍ പതിഞ്ഞിരിക്കുന്നു.ആ മുഖം എന്നെ ഓര്‍മിപ്പിച്ചത് സുധിയെ തന്നെയാണ്. സുധി അവന്റെ അച്ഛനെ പോലെ തന്നെയാണ്.
രാവിലെ ദേഹാസ്വാസ്ഥ്യം തോന്നി എങ്കിലും കാര്യമാക്കാതെ എണീറ്റ് അമ്പലത്തില്‍ പോയി , തിരിച്ച് വന്ന് ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍ വീണു പോയി. ജോലിക്കാരി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ, അത് കൊണ്ട് തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി. ഹൃദയത്തില്‍ രണ്ട് ബ്ലോക്ക്‌ ഉണ്ടായിരുന്നു. വൈദ്യ ശാസ്ത്രത്തിന് രക്ഷിക്കാനായില്ല.
അവന്റെ അമ്മയ്ക്ക് എന്നോട് പറയാന്‍ ഉണ്ടായിരുന്നതും അവനെ കുറിച്ചാണ്- അവന്റെ അച്ഛന്റെ വലിയ ആഗ്രഹമാണ് അവന്‍ നന്നായി പഠിക്കണം എന്നത്. ആ വാക്കുകള്‍ ഒരിക്കലും ജീവനോടെ കണ്ടിട്ടില്ലാത്ത സുധിയുടെ അച്ഛന്റെതാണ്. ജീവിചിരുന്നപ്പോ ഇല്ലാതിരുന്ന അടുപ്പം മരണത്തില്‍ ഒരാഗ്രഹമായി എന്നിലേക്ക് എത്തി. എനിക്കുള്ള ഒരു ഉത്തരവാദിത്വം ബാക്കി വച്ചാണല്ലോ അച്ഛന്‍ പോയത്.
മരണത്തിനു രംഗ പ്രവേശം ചെയ്യാനുള്ള സമയം കൃത്യമായി അറിയില്ല.വിളിക്കാത്ത വീടുകളില്‍ അഥിതി ആയി എത്തി ആ വീട്ടുകാരുടെ സന്തോഷവും സമാധാനവും എല്ലാം കവര്‍ന്നെടുക്കും.ഈ കള്ളനെ പിടിക്കാനോ ശിക്ഷിക്കാനോ ഒരു ഭരണ കൂടത്തിനും കഴിയില്ല. മനുഷ്യൻ എവറസ്റ്റ് കീഴടക്കി  , ചന്ദ്രനില്‍ പോയി എന്നാലും ആരംഭിക്കുന്നതെല്ലാം അവസാനിക്കണം എന്നത് തിരുത്താന്‍ ഇത് വരെ ആയിട്ടില്ല.

No comments:

Post a Comment